അമിത്ഷായുടെ സാന്നിധ്യത്തില്‍ പാർലമെന്റില്‍ ചർച്ചവേണം; അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്


പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്. അനുനയനീക്കവുമായി സമരവേദിയിലെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗിന് മുന്നിൽ കോൺ​ഗ്രസ് അഞ്ച് ആവശ്യങ്ങൾ മുന്നോട്ട് വെച്ചു. അഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ പാ‍ർലമെൻ്റിൽ ചർച്ച നടത്തണമെന്നതാണ് കോൺ​ഗ്രസ് മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ഇതിനിടെ 'ചലോ പിഎം ഹൗസ്‌' എന്ന ക്യാംപെയിനും കോൺഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്.


വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അന്വേഷണത്തിൽ അന്വേഷണം വേണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റ് നിർത്തിവെച്ച് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യമെന്നും കോൺ​ഗ്രസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയെഴുതി ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.



കേന്ദ്ര സർക്കാരിനോട് 5 ആവശ്യങ്ങളുമായി കോണ്‍ഗ്രസ്


നീറ്റ് പരീക്ഷയെഴുതി ആത്മഹത്യ ചെയ്ത വിദ്യാർഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

പാർലമെന്റില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം

വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണം

വിദ്യാർഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം

പാർലമെന്‍റ് നിർത്തിവെച്ച് വിദ്യാർഥികളുടെ ആവശ്യങ്ങള്‍ ചർച്ച ചെയ്യണം


പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസ് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ അനുനയനീക്കവുമായി കേന്ദ്രസർക്കാർ രം​ഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗിനെയാണ് അനുനയ നീക്കവുമായി അയച്ചത്. രാഹുൽ ​ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും രാഹുൽ ​ഗാന്ധി അനുനയ നീക്കം തള്ളുകയായിരുന്നു. പിന്നാലെ സമരവേദിയിൽ നിന്ന് മടങ്ങിയ ജിതേന്ദ്ര സിം​ഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീണ്ടും സമരവേദിയിലേയ്ക്ക് മടങ്ങിയെത്തി കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.