ശക്തമായ മഴ തുടരും: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത



സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് പ്രവചനമുള്ളത്. നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയ്ക്ക് പുറമേ അമ്പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


കനത്ത മഴയില്‍ കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ കഴിഞ്ഞദിവസം രാത്രി 7മണിയോടെ മണ്ണിടിഞ്ഞിരുന്നു. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഗതാഗതം ഒരു വശത്തേക്ക് ക്രമീകരിക്കേണ്ടി വരുന്നുണ്ട്. ഇതോടെ ഗതാഗതം മന്ദഗതിയിലാകുന്ന സ്ഥിതിയുണ്ട്. ചുരം വഴി പോകുന്ന യാത്രക്കാര്‍ ആവശ്യമായ സമയം മുന്‍കൂട്ടി ക്രമീകരിച്ച് യാത്ര നടത്തണമെന്നാണ് ചുരം സംരക്ഷണ സമിതി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നദികളിലെയും പ്രധാന അണക്കെട്ടിലെയും ജലനിരപ്പ് സുരക്ഷിതമായ നിലയിലാണ്. 13 അണക്കെട്ടുകളില്‍ നിയന്ത്രിതമായ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇന്ന് ഓറഞ്ച്, റെഡ് അലർട്ടുകളില്ല. മറ്റന്നാള്‍ മുതല്‍ മഴ കുറയുമെന്നാണ് അറിയിപ്പ്.