നൃത്തകലയിലൂടെ ശ്രീനാരായണ സന്ദേശമറിയിക്കാനായി" എന്റെ ഗുരു ക്യാംപ് " സംഘടിപ്പിച്ചു.



കൂറ്റനാട്  : യുഗപ്രഭാവനായ  ശ്രീനാരായണ ഗുരുവിൻ്റെ കൃതികൾ ഭാരതീയ നാട്യ കലകളിൽ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ദൈവദശകം കൂട്ടായ്മ തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൻ്റെ ഗുരു ക്യാംപ് എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.


 ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജാതി - മത - വർഗ ചിന്തകൾക്കതീതമായുള്ള ഗുരുദേവൻ്റെ സന്ദേശങ്ങൾ നൃത്തകലകളിലൂടെ പ്രചാരം നൽകുന്നതിലുടെ ഗുരുവിൻ്റെ കൃതികളും ആശയങ്ങളും  പുതിയ തലമുറയിലേക്ക് എത്തിക്കാനാകുമെന്ന്  ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. ദൈവദശകം കൂട്ടായ്മ എൻ്റെ ഗുരു ചീഫ് കോഡിനേറ്റർ കലാമണ്ഡലം മാധുരി അധ്യക്ഷയായി.ഗുരു  രചിച്ച ചിദംബരാഷ്ടകം കൃതി ഭരതനാട്യത്തിൽ നൃത്ത സംവിധായകയും ഭരതനാട്യം നർത്തകിയുമായ രമ്യ അനുപ് അവതരിപ്പിച്ച് ഡമോൺസ്ട്രേഷൻ നൽകി.


  പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നർത്തകരാണ് ക്ലാസിൽ പങ്കെടുത്തത്.  തൃശൂർ സ്വദേശി സംഗീത സംവിധായകനുമായ ബിജീഷ് കൃഷ്ണ സംഗീത സംവിധാനം നിർവഹിച്ചാണ് ശ്രീനാരായണ ഗുരുവിൻ്റെ കൃതികൾ ചിട്ടപ്പെടുത്തിയത്. 

 

ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്കാരത്തിനു നേതൃത്വം നൽകിയ അധ്യാപകരും പാലക്കാട്  ജില്ലയിൽ  നിന്നുള്ള  നർത്തകരും ക്യാംപിൽ പങ്കാളികളായി. എൻ്റെ ഗുരു സംസ്ഥാന കോഡിനേറ്റർമാർ ജയശ്രീ മോഹൻ,   അമ്പിളി മേനോൻ,  ദിവ്യ ബീജീഷ്,  ആർ.എൽ.വി ശ്രീഷ്ണ മോഹൻ ദാസ് , ഡോ.വി.എ.ശ്രീലക്ഷ്മി  എന്നിവർ സംസാരിച്ചു.