മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി: ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.



പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിധിയിലെ കൂമ്പൻകല്ലിൽ മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് ബൈക്ക് യാത്രക്കാരനെ അപകടപ്പെടുത്തിയ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പുലാശ്ശേരിക്കര കുന്നക്കാട്ടിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ അബൂബക്കർ സിദ്ദിഖ് (Age.49) എന്നയാൾക്കെതിരെയാണ് പട്ടാമ്പി പോലീസ് കടുത്ത നിയമനടപടി സ്വീകരിച്ചത്.


 കഴിഞ്ഞദിവസം   കൂമ്പൻകല്ലിൽ വെച്ചായിരുന്നു അപകടം. മരുതൂർ ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന KL 02 AW 3496 ആൾട്ടോ കാറും, വിപരീത ദിശയിൽ വരികയായിരുന്ന KL 61 B 2771 ബൈക്കുമാണ് കുട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ നെല്ലിക്കാട്ടിരി വടക്കേ വെള്ളാടിക്കുന്ന് വെളുത്താടത്ത് പറമ്പിൽ വീട്ടിൽ അബ്ദുള്ളയുടെ മകൻ ഇബ്രാഹിമിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തിന്റെ ഇടതുകാൽ തുടയിലെ എല്ലിനും കൈവിരലിനും പൊട്ടലുണ്ട്.


അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ കാർ ഡ്രൈവർ അബൂബക്കർ സിദ്ദിഖ് അമിതമായി മദ്യപിച്ചതായി ബോധ്യപ്പെട്ടു. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇയാളുടെ വൈദ്യപരിശോധന പൂർത്തിയാക്കി.


മദ്യപിച്ച് വാഹനം ഓടിച്ച് മറ്റൊരാളുടെ ജീവന് ഭീഷണിയായ രീതിയിൽ അപകടമുണ്ടാക്കിയതിനെത്തുടർന്ന്, പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വധശ്രമത്തിനുള്ള വകുപ്പായ 110 (BNS), മോട്ടോർ വാഹന നിയമം വകുപ്പ് 185 (a) (MV Act) എന്നിവ പ്രകാരം കേസെടുത്തു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.