കൂറ്റനാട്ടേക്കുള്ള കത്തുകൾ ഇനി കുട്ടനാട്ടേക്ക് പോകില്ല കൂറ്റനാടിന്റെ പേര് തിരിച്ചുപിടിച്ച് എൻ കെ ഗോപാലൻ
കൂറ്റനാട്: പാലക്കാട് ജില്ലയിലെ കൂറ്റനാടിന് സ്വന്തം പേര് തിരികെ വാങ്ങിക്കൊടുത്തത് 87-കാരനായ എൻ.കെ.ഗോപാല ന്റെ ഒന്നര വർഷം നീണ്ട പോരാട്ടം. തപാൽ രേഖകളിൽ കുറ്റനാട് (Kuttanad) എന്നായിരുന്നത് കൂറ്റനാട് എന്ന് തിരുത്തി. ഇനി കത്തയയ്ക്കുമ്പോൾ Koottanad (P.O) - 679533 എന്നുതന്നെ എഴുതാം.
ആലപ്പുഴ ജില്ലയിലെ കുട്ടനാടുമായി സാമ്യം വന്നതോടെ കത്തുകൾ മാറിപ്പോകുന്നത് പതിവായിരുന്നു. പിൻകോഡ് എഴുതിയില്ലെങ്കിൽ കൂറ്റനാട്ടെ കത്ത് ആലപ്പുഴയിലെ കുട്ടനാട്ടേക്ക് പോകുമായിരുന്നെന്ന് പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥൻ അനുകുമാർ പറയുന്നു. അവിടേക്കുള്ള എഴുത്തുകളും തപാലും ഇവിടെയുമെത്താറുണ്ട് കൂറ്റനാട് വട്ടേനാട് സ്വദേശിയും മുംബൈയിൽ പ്രീമിയർ കമ്പനി ജോലിക്കാരനുമായിരുന്ന എൻ.കെ. ഗോപാലനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് തപാൽ വകുപ്പിലേക്കും കേന്ദ്ര സർക്കാരിലേക്കും പരാതികൾ അയച്ചത്.
മാസങ്ങളോളം മറുപടിയില്ലാതെ വന്നപ്പോഴും അദ്ദേഹം പിന്മാറിയില്ല. സർവേ ഓഫ് ഇന്ത്യയുടെ രേഖയിലെ പിഴവ് ചൂണ്ടിക്കാട്ടി, റവന്യൂ രേഖകൾ പ്രകാരം 'Koottanad' ആണ് ശരിയെന്ന് വസ്തുതാപരമായി തെളി യിച്ചു. ഒന്നര വർഷത്തെ ശ്രമത്തിനൊടുവിൽ കൂറ്റനാടിന് യഥാർഥ പേര് തിരികെ കിട്ടി.
"കുട്ടനാട് ആലപ്പുഴയിൽ തന്നെ നിൽക്കട്ടെ. ഞാൻ ജനിച്ചുവളർന്ന പാലക്കാട്ടെ കൂറ്റനാടിന് Koottanad (P.O) എന്നെഴുതി കത്തയക്കാനായതിൽ ഏറെ സന്തോഷം" ഗോപാലൻ പറഞ്ഞു.
പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനായി കേന്ദ്ര റെയിൽവേ മന്ത്രിക്കും മെട്രോമാൻ ഇ. ശ്രീധരനും നിവേ ദനങ്ങൾ നൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം.
