8.2% പലിശ, പെണ്‍കുട്ടികള്‍ക്കായി 71 ലക്ഷം രൂപയുടെ സമ്പാദ്യം! സുകന്യ സമൃദ്ധി യോജനയുടെ വിശദവിവരം അറിയാം
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. സുരക്ഷിത നിക്ഷേപവും ഉയര്‍ന്ന പലിശയും വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി തപാല്‍ ഓഫീസുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷിതാക്കള്‍ക്കോ കുട്ടിയുടെ പേരില്‍ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് ശാഖ വഴിയും ഈ സമ്പാദ്യ അക്കൗണ്ട് തുടങ്ങാം.
അര്‍ഹതയും നിക്ഷേപ കാലാവധിയും
പത്ത് വയസ്സോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷം വരെ പണം നിക്ഷേപിക്കാവുന്നതാണ്. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി കാലാവധി എത്തും. ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. പരമാവധി 1.5 ലക്ഷം രൂപ വരെ ഒരു വര്‍ഷം നിക്ഷേപിക്കാവുന്നതാണ്. എല്ലാ വരുമാന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിക്ഷേപ ക്രമം നിശ്ചയിച്ചിരിക്കുന്നത്.
പലിശ നിരക്കും ലാഭവും
പ്രതിവര്‍ഷം 8.2 ശതമാനമാണ് പദ്ധതിയുടെ പലിശ നിരക്ക്. സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകളില്‍ ഒന്നാണിത്. പലിശ വര്‍ഷാവര്‍ഷം കണക്കാക്കി അക്കൗണ്ടിലേക്ക് നേരിട്ട് ചേര്‍ക്കപ്പെടും. തടസ്സമില്ലാതെ നിക്ഷേപം തുടരുന്നത് പെണ്‍കുട്ടിയുടെ ഉപരിപഠനത്തിനോ വിവാഹത്തിനോ വലിയ ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കും. അക്കൗണ്ട് 21 വര്‍ഷം കൊണ്ട് കാലാവധി പൂര്‍ത്തിയാകുമെങ്കിലും ആദ്യത്തെ 15 വര്‍ഷം മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. ബാക്കിയുള്ള കാലയളവില്‍ നിക്ഷേപം നടത്തിയില്ലെങ്കിലും അക്കൗണ്ടിലെ തുകയ്ക്ക് പലിശ ലഭിച്ചുകൊണ്ടിരിക്കും. ഓരോ വര്‍ഷവും ഏപ്രില്‍ 5ന് മുമ്പ് നിക്ഷേപം നടത്തുന്നത് പരമാവധി പലിശ ആനുകൂല്യം ലഭിക്കാന്‍ സഹായിക്കും.
71 ലക്ഷം എങ്ങനെ നേടാം?
ഈ പദ്ധതിയുടെ പരമാവധി ആനുകൂല്യം ലഭിക്കുന്നതിനായി, ഒരാള്‍ വര്‍ഷം തോറും 1.5 ലക്ഷംരൂപ വീതം തുടര്‍ച്ചയായി 15 വര്‍ഷം നിക്ഷേപിക്കണം. ഇതിലൂടെ മൊത്തം നിക്ഷേപം 22.5 ലക്ഷം രൂപയാകും. 8.2 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍, 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 71,82,119 രൂപ ലഭിക്കാന്‍ സാധ്യതയുണ്ട്. വിപണിയിലെ നഷ്ടസാധ്യതകള്‍ ഇല്ലാത്തതും ഉറപ്പായ ലാഭം നല്‍കുന്നതുമായ ഒരു നിക്ഷേപമാണിത്. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് സാമ്പത്തിക അച്ചടക്കവും സമാധാനവും നല്‍കാന്‍ സുകന്യ സമൃദ്ധി യോജന സഹായിക്കുന്നു
