തൃത്താല ഗവ. ആശുപത്രി നവീകരിച്ച കെട്ടിടം ഇന്ന്നാടിന് സമർപ്പിക്കും



തൃത്താല മണ്ഡലത്തിൽ നവീകരിച്ച തൃത്താല ഗവ.ആശുപത്രി  കെട്ടിടം ഇന്ന് (മാർച്ച്‌ ഒൻപത്) നാടിന് സമർപ്പിക്കും. രാവിലെ പത്തിന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.


സംസ്ഥാന സർക്കാരിൻ്റെ 21- 22 ബജറ്റ് നിന്നും അനുവദിച്ച 12.5 കോടി രൂപ വിനിയോഗിച്ചാണ് തൃത്താല ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രമായി പ്രവർത്തിക്കുന്ന ആശുപത്രിയെ മാതൃകാ  സാമൂഹികാരോഗ്യ കേന്ദ്രമായി മാറ്റുന്ന പ്രവർത്തനമാണ് നടത്തിയത്. 


രണ്ട് നിലകളിലായി  2446 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ്  പുതിയ കെട്ടിടം. ആശുപത്രിയിൽ നാല് ഒപികളും ഉണ്ട്. കൂടാതെ രോഗികളുടെ നിരീക്ഷണ മുറി, ജീവനക്കാർക്കായി വിശ്രമ മുറികൾ, വസ്ത്രം മാറുന്നതിനുളള പ്രത്യേക മുറികൾ, എഎച്ച് ക്ലിനിക്, ഫീഡിങ് റൂം, വെൽനെസ് ഏരിയ, സ്‌പെഷൽ ക്ലിനിക്, ഡെന്റൽ ലാബ്,  ഡ്രസിങ് റൂം, വിഷൻ ടെസ്റ്റിങ് റൂം, സ്‌റ്റോർ റൂം, ഓഫിസ് റൂം, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം നഴ്‌സസ് മുറികൾ, പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്, ഫാർമസി സ്‌റ്റോർ, കോൺഫറൻസ് ഹാൾ, ഹെൽത്ത് ഇൻസ്‌പെക്ടർ റൂം, വാക്‌സിനേഷൻ റൂം, എന്നിവയും ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.


പട്ടാമ്പി താലൂക്കിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആരോഗ്യ കേന്ദ്രമാണ് തൃത്താല സർക്കാർ ആശുപത്രി.  തൃത്താല, നാഗലശ്ശേരി, പട്ടിത്തറ, പരുതൂർ എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ദൈനംദിന ചികിത്സയ്ക്കായി ആശ്രയിക്കുന്ന കേന്ദ്രം കൂടിയാണിത്.