ആത്മഹത്യാപ്രേരണ കേസ്; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവും പിഴയും ശിക്ഷ



ആത്മഹത്യാപ്രേരണ കേസിൽ, ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കുറ്റത്തിന് ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും ശിക്ഷ. ചേറ്റുവയിൽ താമസിക്കുന്ന ചാന്ദ് വീട്ടിൽ ബഷീറിൻ്റെ മകൾ 30 വയസ്സുള്ള സജ്ന ഗുരുവായൂർ ഇരിങ്ങപ്പുറത്തുള്ള ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്‌ത കേസിലാണ് ഭർത്താവായ ഇരിങ്ങപ്പുറം കറുപ്പംവീട്ടിൽ റഷീദിനെയും മാതാവ് ബീവിയെയും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.


റഷീദിന് മൂന്നുവർഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും, പ്രായം കണക്കിലെടുത്ത് ബീവിക്ക് 20 ദിവസത്തെ വെറും തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതികളിൽ നിന്ന് കടുത്ത പീഡനങ്ങൾ സജ്‌നയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നതായി കോടതി കണ്ടെത്തി. 2018 ഡിസംബർ 15നാണ് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. കേസിൽ റഷീദിന്റെ അയൽവാസികളായ സാക്ഷികൾ കൂറ് മാറിയിരുന്നു. വിചാരണക്കായി 13 സാക്ഷികളെയും ആത്മഹത്യ കുറിപ്പ് ഉൾപ്പെടെയുള്ള 27 രേഖകളും ഹാജരാക്കി. ഗുരുവായൂർ പോലീസ് ഇൻസ്പെക്‌ടർമാരായിരുന്ന ഇ. ബാലകൃഷ്ണൻ, കെ.എ. ഫക്രുദീൻ എന്നിവർ അന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ആർ രജിത്‌കുമാർ ഹാജരായി. എഎസ്ഐ - പി.ജെ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.