മദ്യപിക്കാത്തവരില്‍ ഫാറ്റിലിവര്‍ സാധ്യത വര്‍ധിക്കുന്നു; ലക്ഷണങ്ങള്‍ എന്തൊക്കെ?
ഫാറ്റി ലിവര്‍ രോഗം ഉണ്ടാകുമ്പോള്‍ മദ്യത്തെ മാത്രം പഴി ചാരുന്നതില്‍ കാര്യമില്ല. കാരണം മദ്യം കഴിക്കാത്ത ധാരാളം ആളുകളെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം (NAFL) ബാധിക്കുന്നുണ്ട്. അതിന് കാരണങ്ങളുണ്ട്. ചെറുപ്പക്കാര്‍ അടക്കമുളള ആളുകള്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്കാണ് അപകട സാധ്യത കൂടുതല്‍. മെറ്റബോളിക് സിന്‍ഡ്രോം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലവല്‍ എന്നിവയും ഇതോടൊപ്പമുളള കാരണങ്ങളാണ്.
മദ്യം കഴിക്കാത്തവരിലെ ഫാറ്റിലിവര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്
അരക്കെട്ടിന്റെ വണ്ണം വര്‍ധിക്കുന്നു
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (NAFL) ബാധിച്ചവരില്‍ സാധാരണയായി കാണുന്ന പ്രധാന ലക്ഷണം അരക്കെട്ടിന്റെ വണ്ണം വര്‍ധിക്കുന്നതാണ്. ഇങ്ങനെയുള്ളവരിലെ വയറിലെ കൊഴുപ്പ് കട്ടിയുള്ള ഒരു ആന്തരിക പാളിയായി മാറുന്നു. ഈ കൊഴുപ്പ് കരള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അവയവങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും വ്യായാമക്കുറവുമാണ് ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണം. ധാരാളം സമയം സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കുന്നതും അധികസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതും ശാരീരിക ആരോഗ്യം മോശമാക്കുകയും കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും
ഉന്മേഷം ഇല്ലാതാക്കുന്ന ക്ഷീണം
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഉള്ള മിക്ക രോഗികളിലും ക്ഷീണം ഒരു ലക്ഷണമായി കാണപ്പെടുന്നു. NAFL ബാധിച്ചവരില്‍ 50 ശതമാനത്തിലധികം പേര്‍ക്ക് നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. മദ്യപിക്കാത്ത വ്യക്തികള്‍ക്ക് ഉപാപചയ നിരക്ക് കുറയുന്നത് ശാരീരിക ചക്രങ്ങളെ തടസ്സപ്പെടുത്തുന്നു. ഇരുന്നുളള ജോലികള്‍ ചെയ്യുന്നത് ഇത്തരത്തില്‍ ഉപാപചയ നിരക്ക് കുറയുന്നതിലേക്ക് നയിക്കുന്നു. തന്മൂലം ശാരീരിക ചക്രങ്ങള്‍ തടസ്സപ്പെടുകയും ഉച്ചകഴിഞ്ഞുള്ള സമയങ്ങളില്‍ ഉറക്കം പോലെയുള്ള ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യും. കൊഴുപ്പ് നിറഞ്ഞ കരള്‍ കോശങ്ങള്‍ ശരീരത്തിന് ലഭിക്കേണ്ട ഊര്‍ജ്ജത്തിന്റെ അളവ് കുറയ്ക്കുന്നതാണ് ഇതിന് കാരണം.
മെറ്റബോളിക് സിന്‍ഡ്രോമും ആയുളള ബന്ധം
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗത്തിനൊപ്പം അരക്കെട്ടിന്റെ വണ്ണം വര്‍ധിക്കുന്നത്, രക്തസമ്മര്‍ദ്ദം, അസാധാരണമായ ലിപിഡ് അളവ് (ശരീരത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഫാറ്റി സംയുക്തങ്ങളാണ് ലിപിഡുകള്‍), എന്നിവയുടെ ഒരു കൂട്ടമായമെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകുന്നു.( രോഗികളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു കൂട്ടം അവസ്ഥകളാണ് മെറ്റബോളിക് സിന്‍ഡ്രോം). ശരീരം അനങ്ങാതെയുളള ഉദാസീനമായ ജീവിതശൈലി മെറ്റബോളിക് സിന്‍ഡ്രോമിനെ പ്രോത്സാഹിപ്പിക്കുകയും ഹൃദയത്തുനും കരളിനും അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 84 ശതമാനം IT ജീവനക്കാരും അപകടസാധ്യതയുളളവരാണെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളതാണ്.
പ്രമേഹവും കൊളസ്‌ട്രോളും
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ശരീരത്തില്‍ ഇന്‍സുലിനെ തടയാനിടയാക്കുന്നതിലൂടെ പ്രമേഹസാധ്യത ഇരട്ടിയാക്കുന്നു. അതായത് NAFL രോഗികളുടെ കോശങ്ങള്‍ക്ക് പഞ്ചസാരയെ തിരിച്ചറിയാന്‍ കഴിയില്ല. കൊളസ്‌ട്രോള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൂടുതല്‍ വഷളാക്കുന്നു. ഇരുന്ന് ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ഭക്ഷണ ക്രമത്തില്‍നിന്നും വ്യായാമക്കുറവില്‍ നിന്നുമാണ് കൂടുതലായും കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരിലെ പൊണ്ണത്തടിയുടെ 70 ശതമാനവും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റീലിവറുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന്പഠനങ്ങളില്‍കാണുന്നത്.
എന്തൊക്കെയാണ് പ്രതിവിധികള്‍
ലളിതമായ ചില രക്ത പരിശോധനകളിലൂടെ കരള്‍ പ്രവര്‍ത്തനത്തെക്കുറിച്ചും NAFL ന്റെ സാധ്യതയെക്കുറിച്ചും നേരത്തെ കണ്ടെത്താനാകും. കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവര്‍ ഭക്ഷണത്തില്‍ നിന്ന് ചോളം, സോയാബീന്‍, സൂര്യകാന്തി എണ്ണ, കുങ്കുമപ്പൂവ്, നിലക്കടല എണ്ണ തുടങ്ങിയ ഒമേഗ -6 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. മാംസം, മത്സ്യം, മറ്റ് പ്രോട്ടീന്‍ ശ്രോതസുകള്‍, ശുദ്ധീകരിച്ച ധാന്യങ്ങള്‍, പഞ്ചസാര എന്നിവ കഴിക്കുന്നതും ഒഴിവാക്കണം. എല്ലാവര്‍ഷവും രക്ത പരിശോധനകള്‍ നടത്തേണ്ടതാണ്. 30U/L ന് മുകളിലുളള Alanine aminotransferase (ALT) ലെവല്‍ നിരീക്ഷിക്കുക. വ്യായാമത്തിനായി ദിവസവും നടക്കുന്നത് ശീലിക്കുക. ഭക്ഷണത്തില്‍നിന്ന് പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും നാരുകളുള്ള ഭക്ഷണം ധാരാളം കഴിക്കുകയും ചെയ്യുക.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
