വീണ്ടും കുതിച്ച് സ്വര്‍ണവില; ഇന്നും വർദ്ധനവ്
രണ്ടു ദിവസം കുറഞ്ഞു നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 81,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ ഉയര്‍ന്നു. 10,205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നലെയും ബുധനാഴ്ചയുമാണ് വില കുറഞ്ഞത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 82,080 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില.
സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ പുതിയ തലമുറയിലെ കുട്ടികളെല്ലാം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് ചുവടുമാറിക്കഴിഞ്ഞു. ഒരു ഗ്രാമില്‍ തീര്‍ത്ത നെക് ചെയ്നുകളാണ് പലര്‍ക്കും നിലവില്‍ താല്പര്യം. അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാരേറി. സ്വര്‍ണ വില ഈ പോക്കുപോവുകയാണെങ്കില്‍ മധ്യവര്‍ഗത്തിന് സ്വര്‍ണാഭരണം അത്യാഡംബരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇനി നല്ലകാലമാണെന്നും വിപണി വിദഗ്ദര്‍ പറയുന്നു
