കുന്നംകുളം - തൃശൂര്‍ റൂട്ടിൽ പുറ്റേക്കരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് ഇരുപതോളം യാത്രക്കാര്‍ക്ക് പരുക്ക്.



പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. കുന്നംകുളം - തൃശൂർ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസ്സാണ് മറിഞ്ഞത്. 


തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നും ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡില്‍ കുറുകെ മറിഞ്ഞെന്നുമാണ് പറയപ്പെടുന്നത്. അപകടം സംഭവിച്ചതോടെ തിരക്കേറിയ ഈ റൂട്ടിൽ  ഗതാഗതം സ്തംഭിച്ചു. 

പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ബസ് നീക്കുന്നതുവരെ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. വർഷങ്ങളായി റോഡ് പണി നടക്കുന്ന ഈ റൂട്ടിൽ പതിവായി ഗതാഗത നിയന്ത്രണമുണ്ട്.