കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ആദ്യ തീർഥാടക സംഘം മക്കയിലെത്തി
റിയാദ്: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്ച പുലർച്ചെ 4.20ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തിൽ 172 തീർഥാടകരാണുള്ളത്. ഇവരെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും കെ.എം.സി.സി, ഐ.സി.എഫ് വിഖായ വളൻറിയർമാരും എത്തിയിരുന്നു. തീർഥാടകരെ വളൻറിയർമാർ ചായയും ഈന്തപ്പഴവും നൽകി വരവേറ്റു.
ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ തീർഥാടകർ രാവിലെ 7.30 ഓടെ മക്കയിലെത്തി. അസീസിയയിലെ ഇന്ത്യൻ ഹജ്ജ് മിഷെൻറ താമസകേന്ദ്രത്തിലെത്തിയ സംഘത്തെ നൂറുകണക്കിന് കെ.എം.സി.സി, ഐ.സി.എഫ് വിഖായ, ഒ.ഐ.സി.സി വളൻറിയർമാർ സമ്മാനങ്ങളും ലഘുഭക്ഷണവും നൽകി സ്വീകരിച്ചു. ഹജ്ജ് സർവിസ് കമ്പനി ഇവർക്ക് ‘നുസ്ക്’ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ആദ്യ സംഘത്തിന് ബിൽഡിങ് നമ്പർ 92ലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സംഘത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളുമാണുള്ളത്. താമസകേന്ദ്രത്തിലെത്തി വൈകാതെ ഇവർ ഉംറ നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു. തീർഥാടകരുടെ ബാഗേജുകളെല്ലാം വിമാനത്താവളത്തിൽനിന്ന് ശേഖരിച്ച് സർവിസ് കമ്പനിയാണ് താമസകേന്ദ്രത്തിൽ എത്തിച്ചുനൽകുന്നത്.