അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം
ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ജൻമം മതിയാകില്ല.
എന്നാൽ തിരക്കേറിയ ജീവിതയാത്രയിൽ അമ്മക്കായി മാറ്റിവക്കാനും സ്നേഹസമ്മാനങ്ങൾ നൽകാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാൻ തുടങ്ങി.
പെറ്റമ്മയോട് മാത്രമല്ല, സ്നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്‌നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്.
എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓർപ്പെടുത്തൽ കൂടിയാണ്. വാർധക്യത്തിന്റെ നിസ്സഹായതയിൽ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്നേഹത്തോടെ ചേർത്തുനിർത്താം.