ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു
May 10, 2025
ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് എസ്‌ഐ എംഡി ഇംത്യാസ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് ഇംത്യാസ് ഉള്‍പ്പെടെ 8 ജവാന്മാര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റയുടന്‍ ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജവാന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പ്രതികരിച്ചു. പാക് ആക്രമണത്തെ നേരിടുന്ന നിര്‍ണായക ദൗത്യത്തില്‍ ബിഎസ്എഫ് ജവാന്മാരുടെ സംഘത്തെ നയിച്ചിരുന്നത് ബിഎസ്എഫ് എസ്‌ഐ എംഡി ഇംത്യാസ് ആണ്. ആക്രമണത്തില്‍ പരുക്കേറ്റ ഏഴ് ജവാന്മാര്‍ ചികിത്സയില്‍ തുടരുകയാണ്.