തൃത്താല മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന് നൂറിൽ നൂറ് മാർക്ക്



"ഒരു പാട് പേര് വരുന്ന മെഡിക്കൽ ക്യാമ്പല്ലേ ആകെ വലയും എന്നാ കരുതിയത്. വന്നപ്പഴല്ലേ മനസ്സിലായത്. സൗജന്യമായി ചികിത്സ മാത്രമല്ല മരുന്നും, നല്ല ഭക്ഷണോം ഉണ്ടായിരുന്നു ". തൃത്താലയിൽ നടന്ന മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത തൃത്താല സ്വദേശി കുട്ടത്ത് വളപ്പിൽ കൃഷ്ണൻ്റെയും ഭാര്യയുടെയും അഭിപ്രായമായിരുന്നു ഇത്. ഇവരുടെ മാത്രമല്ല, ക്യാമ്പിൽ പങ്കെടുത്ത എല്ലാവരും ഒന്നാകെ പറഞ്ഞ വാക്കുകളാണിത്.


വളണ്ടിയർമാർ മുതൽ പരിശോധിക്കുന്ന ഡോക്ടർ വരെ മികച്ച സേവനമാണ് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ നൽകിയത്. രാവിലെ 7 മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചതുമുതൽ ജനപ്രവാഹമാണ് ക്യാമ്പിലുണ്ടായിരുന്നത്. വന്നവർക്ക് പ്രഭാത ഭക്ഷണവും ഇടനേരത്ത് ചായയും പലഹാരവും, കഞ്ഞിയും പുഴുക്കും നൽകി ക്ഷീണവും അകറ്റാൻ സൗകര്യമുണ്ടായിരുന്നു. ദാഹമകറ്റാൻ കുടിവെള്ളവും ഒരുക്കിയിരുന്നു. 5000 ത്തോളം പേർ ക്യാമ്പിൻ്റെ ഭാഗമായി. എല്ലാവർക്കും ഉച്ചഭക്ഷണവും നൽകി. 


3000 ത്തോളം പേരാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തതെങ്കിലും പരിശോധനയ്ക്ക് വന്ന എല്ലാവർക്കും മെഡിക്കൽ ക്യാമ്പിൽ സേവനം നൽകാൻ കഴിഞ്ഞു.തെല്ലും പരിഭവവും പരാതിയുമില്ലാതെ, വരിയിൽ നിന്ന് വലായാതെ വന്നവർക്കെല്ലാം നിഷ്പ്രയാസം ക്യാമ്പിൻ്റെ ഭാഗമാകാൻ കഴിഞ്ഞു.