കൊലപാതകശ്രമ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 14 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
2011 വർഷത്തിൽ പട്ടാമ്പി വല്ലപ്പുഴ ഗേറ്റിൽ വെച്ച് നടന്ന കൊലപാതകശ്രമ കേസിലെ പ്രതിയായ മുഹമ്മദ് യാസിർ, വയസ്സ് 39,S/o ബഷീർ, കാഞ്ഞിരപ്പുലാത്തിങ്കൽ പകിരിതൊടി വീട്, തോട്ടക്കര, ഒറ്റപ്പാലം എന്നയാളെ ആണ് കരിപ്പൂർ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിന് വേണ്ടി പോലീസ് ലൂക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
തുടർന്ന് വിദേശത്ത് നിന്നും നാട്ടിൽ വരവേ കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെച്ച് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പട്ടാമ്പി പോലീസ് എയർപോർട്ടിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്ന് പട്ടാമ്പി കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പട്ടാമ്പി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പത്മരാജൻ പി.കെ, സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ. ഒ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
