പട്ടാമ്പി ചെക്ക്ഡാം ഈ വേനലിൽ പൂർത്തീകരിക്കും: മുഹമ്മദ് മുഹസിൻ എംഎൽഎ



പട്ടാമ്പിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനും കൃഷി ആവശ്യത്തിനായുള്ള ജലസേചനത്തിന ആവശ്യത്തിനും പരിഹാരം കാണുന്നതിന് ചെക്ക് ഡാം നിർമ്മിക്കുമെന്ന് നേരത്തെ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം നിയമസഭയിൽ എംഎൽഎ അറിയിക്കുകയും ജല വിഭവ വകുപ്പ് മന്ത്രി ഇറിഗേഷൻവകുപ്പിന് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം എംഎൽഎയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മുൻ നഗരസഭാ ഭരണ സമിതി അംഗങ്ങളെയും ഉൾപ്പെടുത്തി സ്ഥലം സന്ദർശിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2021-22 വർഷത്തെ  സാമ്പത്തിക വർഷത്തിൽ  നബാർഡ് സകീമിൽ ഉൾപ്പെടുത്തി പട്ടാമ്പി ചെക്ക് ഡാമിന് 32.5 കോടി രൂപയുടെ ഭരണാനുമതി  ലഭിക്കുകയുണ്ടായി.   ഇത് നിർദ്ദിഷ്ട കരാർ കമ്പനി 21.47 കോടിക്ക് ടെൻഡർ ഏറ്റെടുത്തു. നിർദ്ദിഷ്ട തടയണയ്ക്ക് 310 മീറ്റർ നീളവും 2 മീറ്റർ ഉയരവുമുണ്ട് . പട്ടാമ്പി  നഗരസഭയിലെ  കിഴയൂർ  ഭാഗത്തെയും തിരുമറ്റക്കോട്  പഞ്ചായത്തിൽ വരുന്ന ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചതാണ് ഈ  തടയണ നിർമ്മിക്കുന്നത് . ഇത് പൂർത്തിയാകുന്ന മുറയ്ക്ക് പട്ടാമ്പി ,ഓങ്ങല്ലൂർ തൃത്താല,തിരുമറ്റക്കോട് ,എന്നീ പഞ്ചായത്ത് പ്രദേശത്തെ 947 ഹെക്ടർ സ്ഥലത്തെ കാർഷികാഭിവൃത്തിക്കും അതുപോലെ കുടിവെള്ള സ്രോതസിനും ഗുണം  ചെയ്യുന്നതാണ്. ഇതോടൊപ്പം ടൂറിസം മുന്നിൽ കണ്ട്  അടുത്ത ഘട്ടത്തിൽ ആളുകൾക്ക് സമയം ചിലവഴിക്കാൻ ഒരു പാർക്ക്‌ നിർമ്മിയ്ക്കുന്നതിനുള്ള  സാധ്യതയും  ലക്ഷ്യമിടുന്നുണ്ട് . 


നിലവില് ചെക്ക് ഡാമിന്റെ നിർമ്മാണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. അതായത് 200മീറ്റർ ദൂരത്തിൽ ചെക്ക് ഡാമും 36.80m നീളം ഭാഗികമായി റീടെയ്നിങ് വാൾ അപ്സ്ട്രീമിലും ഡൗൺസ്ട്രീമിലും അപ്രോൺ വർക്കും കോൺക്രീറ്റ്  ബ്ലോക്കുകളുടെയും  നിർമ്മണം നടന്നു കഴിഞ്ഞു. ഇനി  ഇടതു കരയുടെ  റീടെയ്നിങ് വാൾ കുറച്ചു ഭാഗത്തും, പുഴ വരുന്ന ഭാഗത്തെ ചെക്ക് ഡാമും മറ്റ് അനുബന്ധ പ്രവൃത്തികളുമാണ് ശേഷിക്കുന്നത്. അത്  ഈ  വരുന്ന കാലവർഷത്തിന്  മുന്നേ തന്നെ തീർക്കാനുള്ള ശ്രമമാണ് നടത്തി  വരുന്നത്. പാർക്ക്‌ വരുന്നതോട് കൂടി റോഡിന്റെ സംരക്ഷണം കൂടെ ഉറപ്പുവരുത്താനാകും. 


ഇതിനായി ടെൻഡർ സേവിങ് വന്നതും ചെക്ക് ഡാമിന്റെ നീളത്തിൽ വന്ന 15 മീറ്റർ ദൂരത്തിന്റെ തുകയും വിനിയോഗിച്ച് പുതിയ സംരക്ഷണ ഭിത്തി നീട്ടാനുള്ള ശുപാർശ എംഎൽഎ ഉന്നതാധികാരികൾക്ക് സമർപ്പിക്കുകയും ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുകയുമാണ്. ഈ വേനൽക്കാലത്ത് തന്നെ ഈ പദ്ധതി പൂർത്തീകരിക്കണം എന്നാണ് കരുതുന്നതെന്നും ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം കൂടി പൂർത്തീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും എംഎൽഎ പദ്ധതി സന്ദർശിച്ചുകൊണ്ട് പറഞ്ഞു.  പദ്ധതി വിലയിരുത്തുന്നതിന് എംഎൽഎ യോടൊപ്പം നഗരസഭ ചെയർപേഴ്സൺ ലക്ഷ്മികുട്ടി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിജയകുമാർ, കൗൺസിലർ രാജൻ മാസ്റ്റർ, പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.