താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം




പാലക്കാട്: ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് നിലവില്‍ ജില്ലയിലുള്ളത്. 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത.


ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ല.


ക്ലാസുകള്‍ ഓൺലൈനായി നടത്താനാണ് നിര്‍ദേശം. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്