ഇത്തവണ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സിപി മുഹമ്മദ്

പട്ടാമ്പി: നിയമസഭാ സീറ്റിനെ ചൊല്ലി യുഡിഎഫിൽ നടക്കുന്ന ചർച്ചകളിൽ വിവാദ പുരുഷനാകാൻ താൽപര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സി.പി മുഹമ്മദ് പട്ടാമ്പി  പ്രതികരിച്ചു. മണ്ഡലത്തിൽനിന്ന് നിലവിൽ നാലിലധികം സ്ഥാനാർത്ഥികൾ സന്നദ്ധത അറിയിച്ചു വന്നതിനാലും ലീഗ് നിരന്തരം പട്ടാമ്പി സീറ്റ് കൈമാറണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതിനാലും വിവാദങ്ങളുടെ കഥാപുരുഷനായി നിൽക്കാൻ താല്പര്യമില്ലാത്തതിനാലാണ് പാർട്ടി നിലവിൽ നൽകിയപരിഗണനകൾക്ക് നന്ദി അർപ്പിച്ചുകൊണ്ട് ഇത്തവണ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് സി.പി മുഹമ്മദ് യുഡിഎഫ് നേതാക്കളെ അറിയിച്ചത്. 2001 ലും, 2006 ലും, 2011 ലും പട്ടാമ്പിയിൽ എന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും,  2021ൽ പട്ടാമ്പിയിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഇതിനിടെ പട്ടാമ്പി സീറ്റിനെ ചൊല്ലി കെപിസിസി ആസ്ഥാനത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. നാലുതവണ മത്സരിച്ചവർ മാറിനിൽക്കുക, യുവത്വത്തിന് പ്രാധാന്യം നൽകുക, പട്ടാമ്പി സീറ്റ് ലീഗിന് വിട്ടു കൊടുക്കാതിരിക്കുക, പ്രവാസി സ്ഥാനാർത്ഥിയെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്ററാണ് കെപിസിസി ആസ്ഥാനത്ത് പതിച്ചിരിക്കുന്നത്. ഗ്രൂപ്പ് വീതം വെപ്പ്  അവസാനിപ്പിച്ച് ഹൈക്കമാൻഡ് ഇടപെട്ട് കോൺഗ്രസിനെ രക്ഷിക്കണമെന്നും മറ്റൊരു പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.