തൃത്താല മണ്ഢലം വികസന കുതിപ്പിലെത്തിക്കും. എം.ബി.രാജേഷ്.

തൃത്താല  മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.ബി.രാജേഷ് തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജനങ്ങൾക്ക് മുന്നിൽ പുതിയ പദ്ധതികൾ അവതരിപ്പിച്ചു. കഴിഞ്ഞ 5 വർഷം സംസ്ഥാനം വികസന രംഗത്ത് വൻകുതിപ്പ് നടത്തിയിരുന്നുവെങ്കിലും തൃത്താല മണ്ഡലത്തിൽ വികസനങ്ങൾ നടപ്പിലാക്കുന്നതിന് പകരം വിവാദങ്ങളും വിമർശനങ്ങളും മാത്രമാണുണ്ടായിരുന്ന തെന്നും, 10 വർഷമായി വികസന മുരടിപ്പനുഭവിച്ചിരുന്ന മണ്ഢലത്തെ മാറ്റിയെടുക്കുമെന്നും എം ബി രാജേഷ്.

 തൃത്താലയുടെ സമഗ്ര വികസനത്തിന് ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ പുതിയ പദ്ധതികൾ രൂപവൽക്കരിക്കുമെന്നും  അദ്ദേഹം പ്രസ്താവിച്ചു. ഭാരതപ്പുഴയിലെ ശുദ്ധജലമുപയോഗിച്ച് മണ്ഡലത്തിൽ കുടിനീർ പ്രശ്നത്തിന് പരിഹാരം കാണും. വെള്ളിയാങ്കല്ല് പദ്ധതി ജനം ആഗ്രഹിക്കുന്ന രീതിയിലേക്ക് വിപുലപ്പെടുത്തും.

തിരുമിറ്റക്കോട് - കൂട്ടക്കടവ് തടയണ യാഥാർത്ഥ്യമാക്കി ജലസേചനത്തിനും കുടിവെള്ളത്തിനും മുതൽ കൂട്ടാക്കും. പട്ടാമ്പി പാലം പുനർ നിർമ്മാണ പദ്ധതി ത്വരിതഗതിയിലാക്കും. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും യാഥാർത്ഥ്യമാകാത്ത തൃത്താല സർക്കാർ കോളേജ്  ഉടൻ പൂർത്തിയാക്കും.

നാഗലശ്ശേരി പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടും സ്ഥാപിക്കാൻ കഴിയാത്ത ഐ.ടി.ഐ നടപ്പിലാക്കും. സാങ്കേതികത്വത്തിന്റെ പേരിൽ വൈകിപ്പോയ പള്ളിപ്പുറം മേൽപ്പാലം കൊണ്ടുവരാനുള്ള നടപടികളുണ്ടാവും. തൃത്താലയുടെ സമഗ്ര വികസനത്തിന് കിഫ്ബിയുടെ സാധ്യതകൾ തേടും.തൃത്താലയുടെ പ്രത്യേക സാധ്യതകൾ പരിഗണിച്ച് ഹെറിട്ടേജ് ടൂറിസം, വാദ്യമേള കലകൾ, ഇക്കോ-ടൂറിസം എന്നിവയുടെ സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തും.രണ്ട് ജ്ഞാനപീഠം കൊണ്ടുവന്ന മഹാരഥന്മാർ ജീവിച്ച തൃത്താലയിൽ കലാ-സാംസ്കാരിക- പൈതൃക കേന്ദ്രങ്ങളും പഠന-ഗവേഷണ സെന്ററുകളും സ്‌ഥാപിക്കും.നാഗലശ്ശേരി പഞ്ചായത്തിലെ കോത ചിറ വനമേഖലയിൽ ടൂറിസ്റ്റ് പദ്ധതികൾക്ക് സാധ്യതകളാരായും.


കൃഷിയെ പ്രോത്സാഹിപ്പിക്കും.. ജൈനസംസ്കാരത്തിന്റെ അവശിഷ്ടമാണെന്ന് കരുതുന്ന കട്ടിൽ മാടം ടൂറിസ്റ്റുകളെ ആകർഷിക്കും വിധം വിപുലമാക്കും. ആയൂർവ്വേദം, സാഹിത്യം, വാദ്യ കല എന്നിവക്കായി തൃത്താലയിൽ പഠന - ടൂറിസ സാധ്യതകൾ കണ്ടെത്തും.  ഉപയോഗപ്പെടുത്തും.

തൃത്താല യു .ഡി .എഫിന്റെ  സീറ്റായിരിക്കേ വിജയ സാധ്യതയുണ്ടോ.. എന്ന ചോദ്യത്തിന് വട്ടിയൂർകാവിലെ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ  അനുഭവം ഇവിടെയുണ്ടാകുമെന്നാണ് മറുപടി നൽകിയത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന എൽഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയ അനുഭവം ചൂണ്ടിക്കാണിച്ച് വിജയം സുനിശ്ചിതമാണെന്ന് സി പി എം നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ എം.ചന്ദ്രൻ (സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം) പി.എൻ. മോഹനൻ , കെ.ജനാർദ്ദനൻ എന്നിവരും പങ്കെടുത്തു. മണ്ഢല പര്യടനത്തിന് ഇന്ന് മുതൽ തുടക്കം കുറിച്ചുവെന്നും  നേതാക്കൾ അറിയിച്ചു. കൂറ്റനാട് മണ്ഢലം കൺവെൻഷനിൽ വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.